ആലപ്പുഴ: ആലപ്പുഴയ്ക്ക് അഴകാണ് പുരവഞ്ചികൾ. എന്നാൽ, പ്രളയം ആ അഴകിനെ പിളർത്തി. പ്രളയത്തിൽ ആലപ്പുഴയിലെ ടൂറിസം മേഖലയാകെ തകർന്നടിഞ്ഞു. കഴിഞ്ഞ ഒാഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ 100 കോടിയുടെ നഷ്ടമാണ് പുരവഞ്ചിമേഖലയ്ക്ക് സംഭവിച്ചത്. മറ്റ് അനുബന്ധ ടൂറിസം മേഖലയുടെ കണക്കുകൾ കൂടിയാകുമ്പോൾ നഷ്ടം ഇരട്ടിയിലധികമാകും.
അന്താരാഷ്ട്ര ടൂർ കമ്പനികൾ വരെ ആലപ്പുഴയോട് ഗുഡ്‌ബൈ പറഞ്ഞു. ബുക്കിങ്ങുകൾ കുട്ടത്തോടെ സ്തംഭിച്ചു. കുട്ടനാട്ടിൽ പ്രളയം കനത്തനാശനഷ്ടം വിതച്ചത് ലോകരാജ്യങ്ങളിൽ വരെ പരന്നു. കുട്ടനാടൻ സൗന്ദര്യം ആസ്വദിക്കാനായി ആലപ്പുഴയിലേക്ക് വരാൻ ആഗ്രഹിച്ചവരും യാത്രമാറ്റിവച്ചു. പ്രളയത്തിൽ നെഹ്‌റു ട്രോഫി വള്ളം കളി മാറ്റിവച്ചതും വിദേശികളും സ്വദേശികളുമായ സഞ്ചാരികളെ ആലപ്പുഴയിൽ നിന്ന്‌ അകറ്റി.
ഇവിടം സ്വർഗമാണെന്ന് ‘ബാക്ക് ടു ബാക്ക് വാട്ടേഴ്‌സ്’ പദ്ധതിയിലൂടെ ലോകത്തോട് ആലപ്പുഴ ഉറക്ക വിളിച്ചുപറയുകയാണ്. സഞ്ചാരികൾക്ക് സൗജന്യ പുരവഞ്ചി യാത്ര ഉൾപ്പെടെ സമ്മാനിച്ചാണ് ആലപ്പുഴയിലേക്ക് മാടിവിളിക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും ചേർന്നാണ് ആലപ്പുഴയിൽ അനക്കം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.

ലോകമെമ്പാടുമുള്ള സഞ്ചാരികളെയും ടൂറിസം സംരംഭകരെയും ആലപ്പുഴയിലേക്ക് ആകർഷിക്കാൻ വിപുമായ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. കായലോരസഞ്ചാരത്തിന് കരുത്തു പകരാൻ ‘ബാക്ക് ടു ബാക്ക് വാട്ടേഴ്‌സ്’ പദ്ധതി പ്രകാരം പുരവഞ്ചി റാലിയാണ് ആദ്യഘട്ടത്തിൽ സംഘടിപ്പിക്കുന്നത്. ഈ പുരവഞ്ചി റാലി പങ്കെടുക്കുന്നവർക്കാണ് സൗജന്യയാത്ര ഒരുക്കുന്നത്.
നവംബർ രണ്ടിനാണ് റാലി സംഘടിപ്പിക്കുന്നത്. ആലപ്പുഴ ബീച്ചിൽ നിന്ന്‌ പുന്നമട ഫിനിഷിങ് പോയിന്റിലേക്ക് ബൈക്ക് റാലിയോടെ പദ്ധതിക്ക് തുടക്കം കുറിക്കും. 225-ൽപ്പരം പുരവഞ്ചികൾ, 100-ൽപ്പരം ശിക്കാര ബോട്ടുകൾ എന്നിവ അണിനിരക്കുന്നതായിരിക്കും മഹാറാലിയെന്ന് ഡി.ടി.പി.സി. സെക്രട്ടറി എം. മാലിൻ പറയുന്നു. വേമ്പനാട് കായലിൽ നടക്കുന്ന റാലി ഗിന്നസ് ബുക്കിൽ ഇടം നേടാനുള്ള ശ്രമവും ഇതോടൊപ്പം നടക്കുന്നുണ്ട്.
പുരവഞ്ചി റാലിയിൽ പങ്കെടുക്കണമെങ്കിൽ ആലപ്പുഴ ഡി.ടി.പി.സിയിൽ പേര് രജിസ്റ്റർ ചെയ്യണം. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും മൂന്നു മണിക്കൂർ സൗജന്യ യാത്ര നൽകുന്നത്. കുട്ടനാടൻ ശൈലിയിലുള്ള സൗജന്യ ഭക്ഷണമുൾപ്പെടെ റാലിയിൽ പങ്കെടുക്കുന്ന സഞ്ചാരികൾക്കായി നൽകുന്നുണ്ട്. പുരവഞ്ചി ഉടമകളുടെ കുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. റാലിയിലൂടെ ഇരുപത് ലക്ഷം പേരിലേക്ക് ആലപ്പുഴ സുരക്ഷിതമാണെന്ന സന്ദേശം നൽകുവാൻ സാധിക്കുമെന്നാണ് ഡി.ടി.പി.സി. കണക്കുക്കുട്ടുന്നത്.
Next
This is the most recent post.
Previous
Older Post

0 comments:

Post a Comment